“നിങ്ങളിൽ ഈ ലക്ഷണങ്ങളുണ്ടോ? അറിയാം നിങ്ങളൊരു PCOD രോഗിയാണോ എന്ന്!”

🔎 അറിയാം എന്താണ് PCOD (Polycystic Ovary Syndrome)
ഇന്ന് വളരെ സർവ്വ സാധാരണമായി പ്രായ പൂർത്തിയായ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗവസ്ഥയാണ് PCOD അഥവാ Polycystic Ovary Syndrome. ജീവിത ശൈലി മാറ്റങ്ങൾ, ഭക്ഷണ രീതി, മാനസിക സമ്മർദ്ദം തുടങ്ങിയവയെ ആശ്രയിച്ചുള്ള ഈ ഹോർമോൺ രോഗം ഇന്ന് 13 മുതൽ 45 വയസുവരെ പ്രായമുള്ള സ്ത്രീകളിൽ കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യയിലെ 10% ഋതുമതികളായ സ്ത്രീകളിൽ PCOD രോഗമോ ലക്ഷണങ്ങളോ കാണിക്കുന്നു.
⚠️ രോഗ കാരണങ്ങൾ
കുടുംബത്തെ മുതിർന്ന സ്ത്രീകളിൽ (അമ്മ)നിന്നും പാരമ്പര്യമായി രോഗം ലഭിക്കാൻ ചെറിയ സാധ്യത ഉണ്ടെങ്കിലും, കൂടുതലായും ഹോർമോൺ അസന്തുലിതവസ്ഥയാണ് പ്രധാന വില്ലൻ ആകുന്നത്. പുരുഷ ഹോർമോൺ എന്നറിയപ്പെടുന്ന ആൻഡ്രോജൻ (Androgen) അനിയന്ത്രിതമായി ഉത്പാധിപ്പിക്കുന്നതും രക്തത്തിലെ ഇൻസുലിന്റെ വർധനവും സ്ത്രീ ശരീരത്തിലെ ഹോർമോണിനെ അസന്തുലിതാവസ്ഥയിലാക്കുന്നു.അച്ചടക്കമില്ലാത്ത ഇല്ലാത്ത ജീവിത ശൈലികൾ PCOD യെ വിളിച്ചു വരുത്തുന്നു. ഉറക്ക കുറവ്, വ്യായാമമില്ലാത്ത ജീവിതം,അമിത വണ്ണം, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നീ ശീലങ്ങൾ മറ്റൊരു വിധത്തിൽ കാരണങ്ങൾ ആകുന്നു. പഴയ തലമുറയിലെ സ്ത്രീകളിൽ PCOD ഉണ്ടായിരുന്നു എന്നാൽ, ഇന്നത്തെ തലമുറയെ വെച്ച് താരതമ്യ പെടുത്തുമ്പോൾ വളരെ കുറവാണ് രേഖപെടുത്തിയിരുന്നത്. കണക്കുകളിലെ ഭീമമായ കുറവിനു രോഗത്തെക്കുറിച്ചുള്ള അജ്ഞതക്കുറവ് ഒരു കാരണമാകുന്നുണ്ട് എങ്കിലും ജീവിതശൈലി അവരെ രോഗവസ്ഥയിൽ നിന്നും മാറ്റി നിർത്തുവാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.
📋 ലക്ഷണങ്ങൾ
ക്രമം തെറ്റിയ ആർത്തവ അവസ്ഥ ഒരു പ്രധാന ലക്ഷണമാണ്, തുടർച്ചയായ ഇടവേളകളിൽ കൃത്യമായി നടന്നിരുന്ന ആർത്തവ ക്രമത്തിൽ മാറ്റം വരുകയും, ചിലരിൽ രണ്ടോ മൂന്നോ മാസത്തേക്ക് നീണ്ടു പോവുകയും ചെയ്യാറുണ്ട്. 40 വയസിനു മുകളിലേക്ക് പ്രായമുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമത്തിനു വരെ കാരണമാവുകയും ചെയ്യുന്നു.ആർത്തവ സമയത്ത് കലശലായ വയറുവേദന കുറച്ചു പേരിൽ കാണപ്പെടാറുണ്ട്, അതോടൊപ്പം അമിത രക്ത സ്രാവം സംഭവിക്കുകയും അത് സാധാരണ സമയത്തെക്കാൾ നീണ്ടു നിൽക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലരിൽ രക്ത സ്രാവം വളരെ കുറഞ്ഞ അളവിലാണ് കാണപ്പെടാറുള്ളത്. ചെറിയ സ്പോട്ടുകളായി നീണ്ടു നിൽക്കാറുണ്ട്.ആൻഡ്രജൻ ഹോർമോണിന്റെ കൂടിയ അളവ് മൂലം അമിതമായ രോമ വളർച്ചയ്ക്കും മുഖക്കുരു, കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും കറുപ്പ് വർധിക്കുന്നതും മറ്റൊരു ലക്ഷണമാണ്.അമിതമായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ശ്രദ്ധിച്ചോള്ളൂ അതും PCOD യുടെ ഒരു ലക്ഷണമാണ്. അതുപോലെ ഉറക്കകുറവ്, മാനസിക സമ്മർദ്ദം, ഉത്കൺഠ എന്നീ സൈക്കോളജിക്കൽ മാറ്റങ്ങൾ PCOD യുടെ ലക്ഷങ്ങളിൽ പെടുന്നു.ഗർഭ ധാരണത്തെ വൈകിപ്പിക്കുന്നു അഥവാ ഇല്ലാതാക്കുന്നു എന്നതാണ് ഗുരുതരമായ ഒരു ലക്ഷണം. കൃത്യമായ ഓവുലേഷൻ നടക്കാത്തതാണ് ഇതിന്റെ കാരണം. അണ്ഡാശയത്തിൽ കുമിഞ്ഞു കൂടുന്ന കുമിളകളുടെ വളർച്ച മൂലം സാധാരണമായ ഓവൂലേഷനെ തടസപ്പെടുത്തുന്നു. എന്നാൽ കൃത്യമായ ജീവിത ശൈലികളിലൂടെയും വിദഗ്ദരായ ഡോക്ടർമാരുടെ പരിചരണത്തിലൂടെയും ഈ അവസ്ഥയെ മറികടക്കാനും ഗർഭം ധരിക്കുവാനും സാധിക്കും.ഭക്ഷണം നല്ല രീതിയിൽ നിയന്ത്രിച്ചിട്ടും അമിതമായി വണ്ണം വെക്കുന്നുണ്ടെങ്കിൽ PCOD നിങ്ങളെ ബാധിച്ചിരിക്കുന്നുവെന്ന് ഉറപ്പിക്കാം.

🛡️ എങ്ങനെ നിയന്ത്രിക്കാം
ആരോഗ്യപരമായ ഒരു ജീവിത ശൈലിയിലൂടെയല്ല നമ്മൾ ഇന്ന് കടന്നുപോകുന്നത്. ജോലിയും, തിരക്കുകളും നമ്മളെ ആരോഗ്യം ശ്രെദ്ധിക്കുന്നതിൽ നിന്നും പിൻവലിക്കുന്നു. എന്നാൽ PCOD ബാധിച്ചവർ ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവന്നെങ്കിൽ മാത്രമേ രോഗത്തിൽ നിന്നും മുക്തി നേടുവാൻ സാധിക്കു.ഉറക്കമാണ് ഒരു പ്രധാന ഘടകം, ദിവസവും ശരാശരി 8 മണിക്കൂർ കൃത്യമായ സമയനിഷ്ഠതയോടെ ഉറങ്ങുവാൻ ശ്രദ്ധിക്കുക. നല്ല ഉറക്കം മാനസിക സമ്മർദ്ദങ്ങളെ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.ആരോഗ്യപരമായ വ്യായാമത്തിന് PCOD യെ നല്ല രീതിയിൽ നിയന്ത്രിക്കുവാൻ സാധിക്കും. ദിവസവും 30-45 മിനിറ്റ് നടക്കുന്നത് നല്ലൊരു വ്യായാമമാണ്. സ്വിമ്മിംഗ്, സൈക്ലിങ് എന്നിവ കൂടുതൽ ഉത്തമമാണ്. സിംപിൾ സ്‌ട്രെങ്ത് വർക്ക് ഔട്ടുകൾ ജീവിതത്തിന്റെ ഭാഗമാക്കുക. നല്ലൊരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് വളരെ ഗുണം ചെയ്യും.ആഹാരരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുക, നിങ്ങൾക്ക് പ്രിയപ്പെട്ട ചില ഭക്ഷങ്ങൾ തൽക്കാലത്തേക്ക് ഉപേക്ഷിക്കാൻ തയ്യാറാവുക. മധുരപലഹാരങ്ങൾ, എണ്ണയിൽ പൊരിച്ച വിഭവങ്ങൾ, ready to eat ഭക്ഷണങ്ങൾ, വെള്ളയരിയുടെ ഉപയോഗം എന്നിവ പൂർണ്ണമായും നിയന്ത്രിക്കണം. ചോറ് നിർബന്ധം ആണെങ്കിൽ തവിടുള്ള അരി ഉപയോഗിക്കാം. വെള്ളയരിയിൽ ഗ്‌ളൈസിമിക് ഇൻഡെക്സ് കൂടുതലാണ്. ശരീരത്തിലെ ഷുഗർ വർധിക്കുവാനും അതുപോലെ അമിത വണ്ണത്തിനും വൈറ്റ് റൈസ് കാരണമാകും. കൊളസ്ട്രോൾ കൂടാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക് ശീലത്തോടും താൽക്കാലത്തേക്ക് വിട പറയാം
🥗എന്തൊക്കെ കഴിക്കാം
PCOD ഉള്ളവർക്ക് ഭക്ഷണത്തിൽ നിന്നുള്ള ചില പ്രധാന പോഷകങ്ങൾ ആവശ്യമാണ്.പ്രോട്ടീൻ, ഫൈബർ, ഒമേഗാ-3, മഗ്നീഷ്യം, അയൺ, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ D എന്നിവ വളരെ പ്രധാനപ്പെട്ടവയാണ്. ഇവ ശരീരത്തിലെ ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇൻസുലിൻ പ്രവർത്തനം, ഭാരം കുറയൽ, മെൻസ്ട്രുവൽ സൈക്കിളിന്റെ സ്ഥിരത — ഇവയിലും ഈ പോഷകങ്ങൾ സഹായകരമാണ്.സാധാരണയായി നമ്മൾ ഭക്ഷണം മൂന്ന് നേരം കഴിക്കാറാണ്: ബ്രേക്ക്‌ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിങ്ങനെ. എന്നാൽ PCOD ഉള്ളവർക്ക് ഭക്ഷണം 6 നേരമായി, കുറഞ്ഞ അളവിൽ പങ്കാക്കി കഴിക്കുന്നത് കൂടുതൽ ഉത്തമമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും, ബ്ലഡ് ഷുഗർ കുറയ്ക്കാനും, ഹോർമോൺ വ്യതിയാനത്തെ സമതുലിതമാക്കാനും സഹായിക്കുന്നു.പച്ചക്കറികൾ, കടല, ചെറുപയർ പോലുള്ള ധാന്യങ്ങൾ, ഇലക്കറികൾ (മുരിങ്ങയില, കറിവേപ്പില), ഫലങ്ങൾ (മാങ്ങപ്പഴം, ചക്കപ്പഴം എന്നിവ ഒഴിവാക്കാം), നട്ട്സ്, ചെറിയ അളവിൽ ചിക്കൻ മുതലായവ ഉപയോഗിക്കാൻ ശ്രമിക്കാം.
അവസാനമായി…..
PCOD ഒരു മാരക രോഗമല്ല, എന്നാൽ കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ വന്ധ്യതയ്ക്ക് വരെ കാരണമായേക്കാം. ജീവിത ശൈലിയിൽ വരുത്താവുന്ന മാറ്റങ്ങൾ വഴി തീർച്ചയായും നമ്മുക്ക് ഈ രോഗാവസ്ഥയെ പൂർണമായും നിയന്ത്രിച്ചു ഇല്ലാതെയാക്കാൻ സാധിക്കും. ഇന്ന് സ്ത്രീകളിൽ 3 ൽ ഒരാൾക്ക് എന്ന അനുപാതത്തിൽ വർധിച്ചു വരുന്ന ഈ രോഗവസ്ഥ ചെറിയ കുട്ടികൾക്കും വരാം. മാതാപിതാക്കൾ ചിട്ടയായ ആരോഗ്യ നിയന്ത്രണത്തിൽ കുട്ടികളെ വളർത്തിയാൽ PCOD സംഭവിക്കില്ല എന്ന് ഓർമ്മപ്പെടുത്തട്ടെ…അതോടൊപ്പം സ്വയം ചികിത്സ ഒഴിവാക്കി, ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യപൂർണമായ ഒരു ജീവിതം നയിക്കു.ആരോഗ്യപരമായ കൂടുതൽ അറിവുകൾ നേടുവാൻ തുടർന്ന് വായിക്കു പുനർജ്ജനി ഹെൽത്ത്